Pages

പ്രേമം ചോര്‍ന്നത് സെന്‍സറിംഗിന് ആദ്യം നല്‍കിയ പകര്‍പ്പില്‍ നിന്ന്

Monday, 6 July 2015

 Asianet News  13 hours ago  News

 പ്രേമം ചോര്‍ന്നത് സെന്‍സറിംഗിന് ആദ്യം  നല്‍കിയ പകര്‍പ്പില്‍ നിന്ന്

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് പുറത്തായ കേസില്‍ വഴിത്തിരിവ്. സെന്‍സറിംഗിന് നല്‍കിയ പകര്‍പ്പാണ് പുറത്തായതെന്ന് ആന്റിപൈറസി സെല്‍ കണ്ടെത്തി. സെന്‍സറിംഗിനായി നല്‍കിയ പകര്‍പ്പാണോ അതോ സെന്‍സര്‍ ചെയ്തശേഷം റിലീസിന് നല്‍കിയ പകര്‍പ്പാണോ പുറത്തായത് എന്നായിരുന്നു ഇതുവരെയുള്ള സംശയം. മെയ് 19ന് സെന്‍സറിംഗിനായി അണിയറക്കാര്‍ നല്‍കിയ പകര്‍പ്പാണ് പുറത്തായതെന്നാണ് പുതിയ കണ്ടെത്തല്‍. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമുള്ള മാറ്റങ്ങളോടെ വീണ്ടും പകര്‍പ്പ് നല്‍കിയത് മെയ് 26നായിരുന്നു. 

രണ്ടും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നാണ് തിയേറ്ററില്‍ പ്രര്‍ദശിപ്പിക്കുന്ന പതിപ്പില്ല പുറത്തായതെന്ന് വ്യക്തമായത്. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചട്ടങ്ങള്‍ പാലിച്ചല്ല ഡിവിഡികള്‍ സൂക്ഷിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അവിടെ നിന്നാണ് ചോര്‍ന്നതെന്ന് ഇപ്പോഴും കൃത്യമായി പറയാനാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. നിര്‍ണ്ണായക തെളിവായ ഡിവിഡിയുടെ പകര്‍പ്പ് നാളെ നല്‍കാന്‍ സെന്‍സര്‍ ഓഫീസറോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. 

അണിയറ പ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയിലും വൈരുധ്യമുണ്ട്. സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ പകര്‍പ്പ് എത്തിച്ചതായി രേഖപ്പെടുത്തിയ വ്യക്തിയുടെ പേരും അണിയറക്കാര്‍ പറഞ്ഞ പേരും രണ്ടാണ്.  അണിയറപ്രവര്‍ത്തകനായ ഗോവിന്ദില്‍ നിന്നും മൊഴിയെടുത്തു. അണിയറക്കാരെ സംശയിക്കേണ്ടെന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് പ്രതികരിച്ചു.

അന്വേഷണം ശരിയായ ദിശയിലാണെന്ന് എസ് പി രാജ്പാല്‍ മീണ പറഞ്ഞു. അന്വേഷണം പ്രഹസനമാണെന്ന് ആരോപിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഈ വ്യാഴാഴ്ച എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടും. ദൃശ്യം, മായാമോഹിനി എന്നീ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ച താരസംഘടന അമ്മ , പ്രേമം സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെനന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.  അതിനിടെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമലഹാസന്‍ ചിതം പാപനാശത്തിന്റെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിവസം മികച്ച കളക്ഷനുമായി മുന്നേറുമ്പോഴാണ് തമിഴ് യോഗി എന്ന  വെബ് സൈറ്റില്‍ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് എത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പ്രതികരിച്ചു.

No comments:

Post a Comment